കെ.പി.എസ്.ടി.യു സ്വദേശ്-2012 മെഗാ ക്വിസ് മത്സരം നടത്തി




കല്പറ്റ: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വദേശ് 2012 എന്ന പേരില്‍ കുട്ടികള്‍ക്കായി മെഗാ ക്വിസ് മത്സരം നടത്തി.

മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍: എല്‍.പി. വിഭാഗം: അഭിനവ് പി. പ്രദീപ് (എ.യു.പി. വെള്ളമുണ്ട), എസ്. അരുണ്‍ (ജി.എല്‍.പി. പടിഞ്ഞാറത്തറ), യു.പി. വിഭാഗം: സി. വിവേകാനന്ദ് (എന്‍.എസ്.എസ്. കല്പറ്റ), സൗപര്‍ണിക (സെന്റ് ജോര്‍ജ് യു.പി. പുല്പള്ളി). ഹൈസ്‌കൂള്‍: ഇ.എ. അജ്മല്‍ (നിര്‍മല എച്ച്.എസ്. തരിയോട്), ജോവിസ് ജോസഫ് (ആര്‍.സി.എച്ച്.എസ്. ചുണ്ടേല്‍) വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും സമ്മാനങ്ങളും ഡി.സി.സി. പ്രസിഡന്റ് പി.വി. ബാലചന്ദ്രന്‍ നല്‍കി.

പി.എം.ജോസ് അധ്യക്ഷത വഹിച്ചു. സുരേഷ്ബാബു വാളല്‍, എം.വി. രാജന്‍, അബ്രഹാം ഫിലിപ്പ്, കെ.ജെ. ദേവസ്യ, കെ. സത്യജിത്ത്, കെ.ഡി. രവീന്ദ്രന്‍, കെ.ജെ. ജോസഫ്, ഇ.കെ. ഗോപിനാഥന്‍, ആല്‍ഫ്രഡ് ഫ്രെഡി, അബ്രഹാം കെ.മാത്യു, എം.കെ. പൗലോസ്, ത്രേസ്യാമ്മ ജോര്‍ജ്, എസ്.എം. പ്രമോദ്, ഷാജു എന്നിവര്‍ സംസാരിച്ചു. സംസ്ഥാനതലമത്സരം നവംബര്‍ 19ന് തിരുവനന്തപുരത്ത് നടക്കും.

ബസ്സിന് സ്വീകരണം നല്‍കി



ആലാറ്റില്‍: നീണ്ടുനിന്ന കാത്തിരിപ്പിനൊടുവില്‍ മാനന്തവാടിയില്‍നിന്നും ആലാറ്റിലിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് അനുവദിച്ചു. ആദ്യമായാണ് കോര്‍പ്പറേഷന്‍ ഈ റൂട്ടില്‍ ബസ് ഓടിക്കുന്നത്. മന്ത്രി പി.കെ. ജയലക്ഷ്മിയുടെ പ്രത്യേക താത്പര്യാര്‍ഥം സര്‍വീസ് തുടങ്ങിയ ബസ്സിന് ജനപ്രതിനിധികളും നാട്ടുകാരും ആലാറ്റിലില്‍ സ്വീകരണം നല്‍കി.

തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസ് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം ജയറാം മഠത്തില്‍ അധ്യക്ഷതവഹിച്ചു. ജോസഫ് കന്നാരത്തില്‍, ജോസ് ഓലിക്കല്‍ എന്നിവര്‍ സംസാരിച്ചു.

വൃക്കരോഗം ബാധിച്ച യുവാവ് കാരുണ്യം തേടുന്നു


മാനന്തവാടി: ഇരുവൃക്കകളും തകരാറിലായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് സഹായം തേടുന്നു. തലപ്പുഴ എസ്റ്റേറ്റ് അഞ്ചാം നമ്പര്‍ പാടിയിലെ സൈതലവിയുടെ മകന്‍ ഷൈജലാണ് (23) ഉദാരമതികളുടെ കാരുണ്യം തേടുന്നത്.

വൃക്കകള്‍ മാറ്റിവെക്കാത്തപക്ഷം ഇദ്ദേഹത്തിന്റെ ജീവന്‍തന്നെ അപകടത്തിലാവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതിനായി അഞ്ച്‌ലക്ഷത്തോളം രൂപ ചെലവ് വരും. എന്നാല്‍, ഷൈജലിന്റെ നിര്‍ധനകുടുംബത്തിന് ഇത്രയും തുക കണ്ടെത്താന്‍ സാധ്യമല്ല. ഡയാലിസിസിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ലക്ഷങ്ങളാണ് ചെലവാക്കിയത്. ഇതിനോടകംതന്നെ ചികിത്സയ്ക്കായി ഭീമമായ തുക ചെലവായി. ഷൈജലിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നതിന് ഗ്രാമപ്പഞ്ചായത്തംഗം പി. റയീസ് ചെയര്‍മാനും കട്ടക്കളത്തില്‍ പങ്കജാക്ഷന്‍ കണ്‍വീനറുമായി 'ഷൈജല്‍ ചികിത്സാസഹായ കമ്മിറ്റി' രൂപവത്കരിച്ചു. തവിഞ്ഞാല്‍ സഹകരണബാങ്കില്‍ 12775 നമ്പര്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. 

ചികിത്സാസഹായങ്ങള്‍ പി.റയീസ്, ചെയര്‍മാന്‍, ഷൈജല്‍ ചികിത്സാസഹായ കമ്മിറ്റി, പൂഴിയില്‍ ഹൗസ്, തലപ്പുഴ (പി.ഒ) 670646 എന്ന വിലാസത്തിലും അയയ്ക്കാം.

പുരുഷന്മാര്‍ ടിഷ്യു പേപ്പര്‍ പോലെയെന്ന് നടി സോണ,തമിഴ്നാട്ടില്‍ പ്രതിഷേധം



ചെന്നൈ: പുരുഷന്മാരെ ടിഷ്യു പേപ്പര്‍ പോലെ ഉപയോഗിച്ച് കളയുകയാണ് വേണ്ടതെന്നും പുരുഷന്മാരോടൊപ്പം സ്ത്രീകള്‍ ഒന്നിച്ച് ജീവിക്കുന്നത് സഹിക്കാവുന്നതല്ലെന്നും തമിഴ് നടി സോണ. തമിഴ് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പുരുഷമാരെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ടായത്. വാരിക ഇറങ്ങി എതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ പുരുഷ സംരക്ഷണ സംഘം രംഗത്തുവന്നു. 
പുരുഷന്മാരെ മൊത്തത്തില്‍ അപഹാസ്യപ്പെടുത്തുന്ന പ്രയോഗം ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ നടിയുടെ വീടിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും പുരുഷ സംരക്ഷണ സംഘം പ്രസിഡന്റ് അഡ്വ. അരുണ്‍ പറഞ്ഞു. അടുത്ത 19-ന് സോണയുടെ വീടിനുമുന്നില്‍ പ്രക്ഷോഭം നടത്താനാണ് തീരുമാനം. പുരുഷന്മാര്‍ക്കെതിരെ മോശമായ പരാമര്‍ശം നടത്തിയ സോണയെ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദുമക്കള്‍ കക്ഷി സെക്രട്ടറി കുമാര്‍ ആവശ്യപ്പെട്ടു. പുരുഷന്മാരെ മൊത്തത്തില്‍ അപഹാസ്യപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ച സോണയെ സ്ത്രീകളുടെ സംഘടനകളും തള്ളിപ്പറയണമെന്നും കുമാര്‍ അഭ്യര്‍ഥിച്ചു. സോണയ്‌ക്കെതിരായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പുരുഷസമൂഹത്തെ മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും അഭിപ്രായത്തെ വാരിക വളച്ചൊടിക്കുകയാണ് ചെയ്തതെന്നും സോണ പറഞ്ഞു. വിവാഹം വേണ്ടെന്നത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും പുരുഷന്മാരെ ആദരത്തോടെയാണ് കാണുന്നതെന്നും സോണ പറഞ്ഞു.

ചൈല്‍ഡ് ലൈന്‍ പ്രചാരണയജ്ഞം ഇന്നുമുതല്‍


കല്പറ്റ: ശിശുദിനമായ ബുധനാഴ്ച മുതല്‍ കുട്ടികളുടെ അവകാശദിനമായ നവംബര്‍ 20വരെ ചൈല്‍ഡ് ലൈന്‍കേന്ദ്രങ്ങള്‍ ദേശീയതലത്തില്‍ പ്രചാരണം നടത്തും.

ബുധനാഴ്ച ജില്ലാതല ഉദ്ഘാടനവും ഓണ്‍ലൈന്‍ വളണ്ടിയര്‍ രജിസ്‌ട്രേഷനും. വ്യാഴാഴ്ച അതിര്‍ത്തിപ്രദേശമായ ബാവലിയില്‍ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഗൃഹസന്ദര്‍ശനം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആദിവാസികുട്ടികള്‍ക്കായി ഓപ്പണ്‍ഫോറം, മാധ്യമപ്രവര്‍ത്തകര്‍ക്കായി ശില്പശാല, മാനസികവൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ബോധവത്കരണം, പുനരധിവാസകേന്ദ്രത്തിലെ കുട്ടികള്‍ക്കായി ചിത്രരചനാമത്സരം എന്നിവയും നടത്തും.

ആദിവാസി കോളനികളില്‍ നൊമ്പരങ്ങളുടെ ശിശുദിനം


പടിഞ്ഞാറത്തറ: പോഷകാഹാരക്കുറവും ആരോഗ്യക്ഷയവും ആദിവാസികുട്ടികളുടെ ജീവിതം സങ്കീര്‍ണമാക്കുന്നു. ശിശുക്ഷേമത്തിന്റെ സന്ദേശവുമായി മറ്റൊരു ശിശുദിനംകൂടിയെത്തുമ്പോള്‍ അസ്വസ്ഥതകള്‍ പതിവായ ഗോത്രഗോകുലത്തിന്റെ പുതിയ തലമറയ്ക്ക് പറയാന്‍ നൊമ്പരങ്ങള്‍ മാത്രം. പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ അഭാവം പണിയ വിഭാഗത്തിലെ കുട്ടികളെയാണ് എളുപ്പം അസുഖത്തിന് കീഴ്‌പ്പെടുത്തുന്നത്. അനീമിയ മുതലുള്ള രോഗമാണ് ഇവര്‍ക്കിടയില്‍ വ്യാപകമാവുന്നത്.
ഗര്‍ഭാവസ്ഥയില്‍ അയേണ്‍ഗുളികയടക്കമുള്ള മരുന്നുകള്‍ കൃത്യമായി കഴിക്കാത്തതിനാലും ആഹാരക്രമം പാലിക്കാത്തതിനാലും ആദിവാസി അമ്മമാര്‍ ആരോഗ്യമില്ലാത്ത കുഞ്ഞുങ്ങള്‍ക്കാണ് ജന്മംനല്‍കുന്നത്. ജില്ലാ ആസ്പത്രയില്‍ ശരാശരി നൂറിലധികം ആദിവാസി അമ്മമാര്‍ ഓരോ മാസത്തിലും പ്രസവിക്കുന്നുണ്ട്. തൂക്കക്കുറവ്, മഞ്ഞനിറം എന്നിങ്ങനെയുള്ള രോഗങ്ങള്‍ മിക്ക കുട്ടികള്‍ക്കും ജന്മാവസ്ഥയില്‍ത്തന്നെയുള്ളതായി ഡോക്ടര്‍മാര്‍ പറയുന്നു.
പ്രസവത്തിന് ആസ്പത്രിയെ ആശ്രയിക്കുന്ന ശീലം ഇവര്‍ക്കിടയില്‍ വളര്‍ന്നിട്ടുണ്ട്. ആശാവര്‍ക്കര്‍മാരും ആരോഗ്യവകുപ്പധികൃതരും സമ്മര്‍ദംചെലുത്തുന്നതിന്റെ ഭാഗമായാണ് ഇത് സാധ്യമായത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ വളരുന്നതിനാല്‍ പകര്‍ച്ചവ്യാധികളും ആദ്യഘട്ടത്തില്‍ത്തന്നെ കീഴ്‌പ്പെടുത്തുന്നത്. ആദിവാസികുട്ടികളെയാണ്. രോഗം പിടിപെട്ട് ഗുരുതരാവസ്ഥയിലെത്തുമ്പോഴാണ് ഇവര്‍ ആസ്പത്രികളെ സമീപിക്കുന്നതുപോലും. മാതൃശിശുപരിരക്ഷണത്തിന് അങ്കണവാടികള്‍മുഖേന വിതരണംചെയ്യുന്ന പോഷകാഹാരങ്ങളും പ്രയോജനപ്പെടുത്തുന്നവര്‍ കുറവാണ്.
സ്‌കൂളുകളില്‍ കൃത്യമായി പോയാല്‍ പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമാവും. എന്നാല്‍ പഠനവിമുഖതയില്‍ വിദ്യാലയത്തില്‍നിന്നും ചെറുപ്രായത്തിലേ ഇറങ്ങി നടക്കുന്ന കുട്ടികള്‍ക്ക് ഇതൊന്നും ലഭിക്കുന്നില്ല. വീട്ടിലും വിറ്റാമിന്‍ അടങ്ങിയ ഭക്ഷണം നിഷേധിക്കപ്പെടുമ്പോള്‍ ആരോഗ്യശോഷണം തുടര്‍ക്കഥയാവുന്നു.
പൊതുധാരയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ശീലത്തിന് ഇപ്പോഴും മാറ്റമില്ല. മറ്റു കുട്ടികള്‍ക്കൊപ്പം ഇടകലര്‍ന്നുള്ള പഠനവും കാര്യക്ഷമമല്ല. ട്രൈബല്‍റെസിഡന്‍ഷ്യല്‍വിദ്യാലയങ്ങളാണ് അല്പമെങ്കിലും ആശ്വാസം. പരിമിതമായ സീറ്റുകള്‍മാത്രമാണ് ട്രൈബല്‍ റെസിഡന്‍ഷ്യല്‍വിദ്യാലയങ്ങളിലുള്ളത്.
അങ്കണവാടി മുതല്‍ അസ്ഥിരമായ പഠനം കുട്ടികളെ കുടിലുകളിലേക്കുതന്നെ തിരിച്ചുവിളിക്കുകയാണ്. കാര്‍ഷിക തൊഴില്‍മേഖലയിലും മറ്റും ഒതുങ്ങിനിന്നാണ് പിന്നീട് ഇവരുടെ ജീവിതം. മറ്റു കുട്ടികളൊക്കെ പഠനമികവിന്റെ പടവുകള്‍ കയറുമ്പോള്‍ മത്സരങ്ങള്‍ ഒട്ടുമില്ലാത്ത ജീവിതാന്തരീക്ഷത്തില്‍ പരിമിതപ്പെടുകയാണ് ഇവരുടെ സ്വപ്നങ്ങള്‍.