പടിഞ്ഞാറത്തറ: പോഷകാഹാരക്കുറവും ആരോഗ്യക്ഷയവും ആദിവാസികുട്ടികളുടെ ജീവിതം സങ്കീര്‍ണമാക്കുന്നു. ശിശുക്ഷേമത്തിന്റെ സന്ദേശവുമായി മറ്റൊരു ശിശുദിനംകൂടിയെത്തുമ്പോള്‍ അസ്വസ്ഥതകള്‍ പതിവായ ഗോത്രഗോകുലത്തിന്റെ പുതിയ തലമറയ്ക്ക് പറയാന്‍ നൊമ്പരങ്ങള്‍ മാത്രം. പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ അഭാവം പണിയ വിഭാഗത്തിലെ കുട്ടികളെയാണ് എളുപ്പം അസുഖത്തിന് കീഴ്‌പ്പെടുത്തുന്നത്. അനീമിയ മുതലുള്ള രോഗമാണ് ഇവര്‍ക്കിടയില്‍ വ്യാപകമാവുന്നത്.
ഗര്‍ഭാവസ്ഥയില്‍ അയേണ്‍ഗുളികയടക്കമുള്ള മരുന്നുകള്‍ കൃത്യമായി കഴിക്കാത്തതിനാലും ആഹാരക്രമം പാലിക്കാത്തതിനാലും ആദിവാസി അമ്മമാര്‍ ആരോഗ്യമില്ലാത്ത കുഞ്ഞുങ്ങള്‍ക്കാണ് ജന്മംനല്‍കുന്നത്. ജില്ലാ ആസ്പത്രയില്‍ ശരാശരി നൂറിലധികം ആദിവാസി അമ്മമാര്‍ ഓരോ മാസത്തിലും പ്രസവിക്കുന്നുണ്ട്. തൂക്കക്കുറവ്, മഞ്ഞനിറം എന്നിങ്ങനെയുള്ള രോഗങ്ങള്‍ മിക്ക കുട്ടികള്‍ക്കും ജന്മാവസ്ഥയില്‍ത്തന്നെയുള്ളതായി ഡോക്ടര്‍മാര്‍ പറയുന്നു.
പ്രസവത്തിന് ആസ്പത്രിയെ ആശ്രയിക്കുന്ന ശീലം ഇവര്‍ക്കിടയില്‍ വളര്‍ന്നിട്ടുണ്ട്. ആശാവര്‍ക്കര്‍മാരും ആരോഗ്യവകുപ്പധികൃതരും സമ്മര്‍ദംചെലുത്തുന്നതിന്റെ ഭാഗമായാണ് ഇത് സാധ്യമായത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ വളരുന്നതിനാല്‍ പകര്‍ച്ചവ്യാധികളും ആദ്യഘട്ടത്തില്‍ത്തന്നെ കീഴ്‌പ്പെടുത്തുന്നത്. ആദിവാസികുട്ടികളെയാണ്. രോഗം പിടിപെട്ട് ഗുരുതരാവസ്ഥയിലെത്തുമ്പോഴാണ് ഇവര്‍ ആസ്പത്രികളെ സമീപിക്കുന്നതുപോലും. മാതൃശിശുപരിരക്ഷണത്തിന് അങ്കണവാടികള്‍മുഖേന വിതരണംചെയ്യുന്ന പോഷകാഹാരങ്ങളും പ്രയോജനപ്പെടുത്തുന്നവര്‍ കുറവാണ്.
സ്‌കൂളുകളില്‍ കൃത്യമായി പോയാല്‍ പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമാവും. എന്നാല്‍ പഠനവിമുഖതയില്‍ വിദ്യാലയത്തില്‍നിന്നും ചെറുപ്രായത്തിലേ ഇറങ്ങി നടക്കുന്ന കുട്ടികള്‍ക്ക് ഇതൊന്നും ലഭിക്കുന്നില്ല. വീട്ടിലും വിറ്റാമിന്‍ അടങ്ങിയ ഭക്ഷണം നിഷേധിക്കപ്പെടുമ്പോള്‍ ആരോഗ്യശോഷണം തുടര്‍ക്കഥയാവുന്നു.
പൊതുധാരയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ശീലത്തിന് ഇപ്പോഴും മാറ്റമില്ല. മറ്റു കുട്ടികള്‍ക്കൊപ്പം ഇടകലര്‍ന്നുള്ള പഠനവും കാര്യക്ഷമമല്ല. ട്രൈബല്‍റെസിഡന്‍ഷ്യല്‍വിദ്യാലയങ്ങളാണ് അല്പമെങ്കിലും ആശ്വാസം. പരിമിതമായ സീറ്റുകള്‍മാത്രമാണ് ട്രൈബല്‍ റെസിഡന്‍ഷ്യല്‍വിദ്യാലയങ്ങളിലുള്ളത്.
അങ്കണവാടി മുതല്‍ അസ്ഥിരമായ പഠനം കുട്ടികളെ കുടിലുകളിലേക്കുതന്നെ തിരിച്ചുവിളിക്കുകയാണ്. കാര്‍ഷിക തൊഴില്‍മേഖലയിലും മറ്റും ഒതുങ്ങിനിന്നാണ് പിന്നീട് ഇവരുടെ ജീവിതം. മറ്റു കുട്ടികളൊക്കെ പഠനമികവിന്റെ പടവുകള്‍ കയറുമ്പോള്‍ മത്സരങ്ങള്‍ ഒട്ടുമില്ലാത്ത ജീവിതാന്തരീക്ഷത്തില്‍ പരിമിതപ്പെടുകയാണ് ഇവരുടെ സ്വപ്നങ്ങള്‍.
0 comments:
Post a Comment